My Blog List

Thursday, October 25, 2012

പൊതു മുതല്‍ ജാതികള്‍ വിഴുങ്ങുന്നു


04.11.2012 ലക്കം കേരളശബ്ദം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
 

          പണിയെടുക്കാനും നികുതി കൊടുക്കാനും വേണ്ടി മാത്രമായിരുന്നു നാട്ടിലെ വലിയൊരു ജനവിഭാഗം പണ്ട് കേരളത്തില്‍ ജീവിച്ചിരുന്നത്. എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. അവര്‍ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് 'മീശക്കാഴ്ച'നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച'സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല പൊന്നു തമ്പുരാക്കന്മാര്‍! ആ പാവങ്ങളില്‍നിന്നു 'ഏഴ'എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.
     രാജഭരണത്തില്‍ യാതൊരുവിധ മാനുഷികാവകാശങ്ങളും അവര്‍ണര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇവരുടെ അദ്ധ്വാന ഫലങ്ങളും ചോരയും വിര്‍പ്പുമൊക്കെ ചങ്കുതൊടാതെ വിഴുങ്ങുക എന്നതു മാത്രമായിരുന്നു സവര്‍ണ-സമ്പന്ന വര്‍ഗ്ഗത്തിന്റെ ജോലി. പൊതുമുതല്‍ സവര്‍ണ-സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കാന്‍ നല്‍കുകയായിരുന്നു അന്നത്തെ സവര്‍ണ ഭരണകൂടം.
          രാജഭരണവും ബ്രിട്ടീഷ് ഭരണവുമൊക്കെ പോയി ഇന്ന് കേരളത്തില്‍ ജനാധിപത്യ ഭരണ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഈ ജനാധിപത്യ ഭരണത്തിലും ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ തിന്നാന്‍ മറ്റൊരു കൂട്ടര്‍ എന്ന അവസ്ഥ നിലനില്‍ക്കുന്ന ചില മേഖലകളുണ്ട്. അതിലൊന്നാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല.
        അക്ഷരം പഠിപ്പിച്ചതിന് കേരളീയര്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരോടാണ്. അക്ഷരം പഠിക്കാന്‍ അനുവാദമില്ലാതിരുന്ന അവര്‍ണ ജനത അവര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളിലൂടെയാണ് അക്ഷരം പഠിച്ചത്. ഇക്കൂട്ടരുടെ ഈ സേവനത്തെ അംഗീകരിക്കുകതന്നെ വേണം. ഇത് പണ്ടത്തെ കാര്യം. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. അന്നത് സേവനമായിരുന്നെങ്കില്‍ ഇന്നത് തനി കച്ചവടമായിമാറിയിരിക്കുന്നു. പണ്ടത്തെ അദ്ധ്യാപകരുടെ അവസ്ഥയിലല്ല ഇന്നത്തെ അദ്ധ്യാപകര്‍. വിശന്നിട്ട് സ്‌കൂള്‍കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്ന അദ്ധ്യാപന്റെ ജീവിതം പറയുന്നതാണ് കാരൂരിന്റെ 'പൊതിച്ചോറ്'എന്ന കഥ. 'പണമില്ല വേണമെങ്കില്‍ ചക്ക കൊണ്ടുപൊയ്‌ക്കോ' എന്ന് മാനേജര്‍ അദ്ധ്യാപകനോട് പറഞ്ഞ അവസ്ഥപോലും ഉണ്ടായിരുന്നത്രേ, പണ്ട്. ഇതുകൊണ്ടുതന്നെ, സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുക എന്ന സംവിധാനം തുടങ്ങിയതിനെ ശരിയെന്നുതന്നെ പറയണം. പക്ഷേ, ഈ ശരി ആ കാലഘട്ടത്തിനു മാത്രം യോജിച്ച ശരിയാണ്. ഇന്ന് ആ ശരി തീര്‍ത്തും തെറ്റാണ്. കാരണം, എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നടത്തുന്നത് വെറും കച്ചവടമായി എന്നോ മാറിയിരിക്കുന്നു. അദ്ധ്യാപകരെയും മറ്റും എയ്ഡഡ് മാനേജര്‍മാര്‍ അവരുടെ ഇഷ്ടപ്രകാരം നിയമിക്കുന്നു. മൊത്തം ജനങ്ങളുടെ നികുതിപ്പണം ഒരുകൂട്ടം മാനേജര്‍മാര്‍ ജാതി നോക്കിയോ കീശ വലുപ്പം നോക്കിയോ നിയമിക്കുന്ന സ്വന്തക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നു.
     കേരളത്തിലെ ഏതാണ്ടെല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് ചില ജാതിക്കാരാണ്. പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കു നല്‍കുന്ന ഉദേ്യാഗ സംവരണത്തിനെതിരെ എപ്പോഴും കാര്യക്ഷമതാ വാദം ഉയര്‍ത്തുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കും 'ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി'ക്കും കേരളത്തില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇവരുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ജാതിക്ഷമതയും പണക്ഷമതയുമല്ലാതെ മറ്റൊരു ക്ഷമതയുമില്ല. മിടുക്കന്മാര്‍ തഴയപ്പെടുന്നു എന്നുള്ള ഇവരുടെ പരാതി പൊതുനിയമനങ്ങളുടെ കാര്യത്തില്‍ മാത്രമാണുള്ളത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ കാര്യത്തിലേ ഇതു ബാധകമാകുന്നുള്ളൂ. സ്വന്തം സ്ഥാപനങ്ങളില്‍ മിടുക്കന്മാര്‍ തഴയപ്പെടുകയും പണം മുടക്കാന്‍ മിടുക്കുള്ളവര്‍ നിയമിക്കപ്പെടുകയും ചെയ്യും! എന്‍.എസ്.എസിന്റെ കാര്യക്ഷമതാ വാദം വെറും തട്ടിപ്പാണെന്നതിന് മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. ഈ വാദം സവര്‍ണ സംഘടനകളുടെ മാത്രം കുത്തകയുമല്ല. മിക്ക രാഷ്ട്രീയ പ്രസ്ഥാനക്കാരും ഈ വാദം തന്നെ ഉന്നയിക്കാറുണ്ട്. ഇവരാരുംതന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ ഈ താന്തോന്നി നിയമനങ്ങളിലെ കാര്യക്ഷമതയില്ലായ്മ കാണുന്നില്ല. അപ്പോള്‍ ഈ രാഷ്ട്രീയക്കാരുടെയും കാര്യക്ഷമതാ വാദം ജാതിവര്‍ഗ്ഗീയതയില്‍നിന്നുണ്ടായതാണെന്നു തെളിയുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് കേരള ഹൈക്കോടതിയും അഭിപ്രായം പറയുകയുണ്ടായല്ലോ. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ വന്‍ നിലവാരത്തകര്‍ച്ചയിലാണെന്നാണ് കേരള ഹൈക്കോടതി കുറച്ചു മുമ്പ് അഭിപ്രായപ്പെട്ടത്.
       ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനമെടുക്കുകയുണ്ടായല്ലോ. ഇതോടെയാണ് എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമ വിഷയത്തില്‍ ഒരു വിവാദത്തിന് വീണ്ടും തുടക്കം കുറിച്ചത്. ഒരു കൂട്ടര്‍ക്ക് അദ്ധ്യാപക നിയമനത്തിലൂടെ പണം കൊയ്യാനുള്ള പരിപാടിയാണിതെന്നും പ്രസ്തുത സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലാക്കണമെന്നും ഒരു കൂട്ടര്‍ വാദിച്ചു. ഇത് സമുദായിക നീതിക്കെതിരാണെന്നും സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി സമുദായ സംരക്ഷണം ഉറപ്പു വരുത്തണമെന്നും എതിര്‍ കക്ഷിക്കാര്‍ വാദിച്ചു. ജാതി-മത-സവര്‍ണ-സമ്പന്ന താല്‍പര്യത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഭരിക്കുന്ന നാടായതുകൊണ്ട് 'സാമുദായിക നീതി'സംരക്ഷിക്കപ്പെടാന്‍ തന്നെയാണ് സാധ്യത.
       ഏതെങ്കിലും സമുദായമോ അല്ലെങ്കില്‍ അവരുണ്ടാക്കിയ ട്രസ്റ്റോ ഒരു സ്‌കൂള്‍ മാനേജ് ചെയ്താല്‍ അതെങ്ങനെ സമുദായ സംരക്ഷണമാകും? സമുദായത്തിലെ കുട്ടികളെ സംരക്ഷിക്കുന്നത് എല്‍.പി., യു.പി., ഹൈസ്‌കൂള്‍, പ്‌ളസ് 2 സ്‌കൂള്‍ മാനേജര്‍മാരാണോ? യുവാക്കളെ സംരക്ഷിക്കുന്നത് എയ്ഡഡ് കോളേജ് മാനേജര്‍മാരും വനിതകളെ സംരക്ഷിക്കുന്നത് വനിതാ കോളേജ് മാനേജര്‍മാരുമാണോ? സമുദായത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ആളെ ഒട്ടും പരിഗണിക്കാതെ സംഖ്യ കൂടുതല്‍ മുടക്കുന്ന സമുദായക്കാരന് ജോലി നല്‍കിയാല്‍ അതെങ്ങനെ സമുദായ സംരക്ഷണമാകും? ഈ സമുദായ സംരക്ഷണമെന്നു പറയുന്നത് സമുദായത്തിലെ സമ്പന്നരെ സംരക്ഷിക്കുന്ന പരിപാടിയാണോ?
          എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണം ഏതാനും സമുദായങ്ങള്‍ക്കു മാത്രം വാരിക്കോരിക്കൊടുക്കുക! എത്ര കോടികളാണ് ഇങ്ങനെ കൊടുക്കുന്നതെന്നോ? സര്‍ക്കാര്‍ മേഖലയിലുള്ളതിനെക്കാള്‍ സ്‌കൂളുകള്‍ എയ്ഡഡ് മേഖലയിയാണുള്ളതെന്ന് ഓര്‍ക്കണം. സംസ്ഥാനത്ത് ആകെയുള്ള എല്‍.പി.സ്‌കൂളുടെ 61 ശതമാനവും യു.പി.സ്‌കൂളുകളുടെ 66 ശതമാനവും ഹൈസ്‌കൂളുകളുടെ 58 ശതമാനവും എയ്ഡഡ് മേഖലയിലാണുള്ളത്. ആകെ 1446 ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ളതില്‍ 686 എണ്ണം എയ്ഡഡ് മേഖലയിലാണ്. ആകെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ളതില്‍ 128 എണ്ണം എയ്ഡഡ് മേഖലയിലാണ്. സംസ്ഥാനത്ത് ആകെയുള്ള 190 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ 150 ഉം എയ്ഡഡ് മേഖലയിലാണ്.
     എല്‍.പി.മേഖലയിലുള്ള അദ്ധ്യാപകരിലെ 65 ശതമാനവും സ്വകാര്യ മേഖലയിലാണ്. യു.പി. അദ്ധ്യാപകരുടെ 71 ശതമാനവും ഹെസ്‌കൂള്‍ അദ്ധ്യാപകരുടെ 64 ശതമാനവും എയ്ഡഡ് മേഖലയിലാണുള്ളത്. സംസ്ഥാനത്ത് 915 ടി.ടി.ഐ.അദ്ധ്യാപകരുള്ളതില്‍ 58 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ഇതു സംബന്ധിച്ചൊരു പട്ടികയാണ് ( സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2010 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്) താഴെ കൊടുത്തിരിക്കുന്നത്.
                                                                       
      കേരള സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കുള്ള ശമ്പളത്തിനായി ചെലവഴിക്കുന്ന സംഖ്യയില്‍ ഏറെയും എയ്ഡഡ് മേഖല വഴി ഏതാനും ജാതിക്കാര്‍ക്കായി നല്‍കുകയാണ് എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. എന്നിട്ടും എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ മാനേജര്‍മാരില്‍നിന്നു എടുത്തു മാറ്റാന്‍ കേരളത്തില്‍ മാറിമാറി ഭരിച്ച ഒരു സര്‍ക്കാരും തയ്യാറായില്ല. പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെങ്കില്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരവും സര്‍ക്കാരിനുതന്നെ വേണം.
     എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സി.ക്കു വിടണമെന്ന ശക്തമായ വാദം ഇതുവരെ കേരളത്തിലെ ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയില്‍നിന്നും ഉണ്ടായിട്ടില്ല. സോഷ്യലിസം പറയുന്ന കോണ്‍ഗ്രസ്സോ കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വിപ്‌ളവം പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ഇതിനു തയ്യാറായിട്ടില്ല. കേരളരൂപീകരണത്തിനുശേഷം ഏതാണ്ട് തുല്യമായി വീതംവച്ച് ഭരിച്ചത് ഈ രണ്ടു പാര്‍ട്ടിക്കാര്‍ത്തന്നെയാണല്ലോ!
      ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വിവാദമായപ്പോള്‍,എയ്ഡഡ് സ്‌കൂളിലെ എല്ലാ നിയമനങ്ങളും നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് കൊല്ലത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെടുകയുണ്ടായി. യൂത്ത് ലീഗിന്റെ ഈ നിലപാടില്‍ ഒട്ടും ആത്മാര്‍ത്ഥ കാണേണ്ടതില്ല. ഈ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ് യൂത്ത് ലീഗ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്. വെറും പൊളി വര്‍ത്തമാനമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതിലും വലിയ പൊളി വര്‍ത്തമാനം പറഞ്ഞിരിക്കുന്നു ഡി.വൈ.എഫ്.ഐ. യൂത്ത് ലീഗിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത ഡി.ഐ.എഫ്.ഐ, വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് യൂത്ത് ലീഗ് ഇങ്ങനെ പറഞ്ഞതെന്നും ആരോപിക്കുകയുണ്ടായി. വളരെ മുമ്പുതന്നെ തങ്ങള്‍ ഈ ആവശ്യമുയര്‍ത്തി പ്രമേയം അംഗീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നതായും ഡിഫി പറയുകയുണ്ടായി. യോജിച്ച് പ്രക്ഷോഭം നടത്താന്‍ യൂത്ത് ലീഗ് തയ്യാറുണ്ടോ എന്നും ഡിഫി ചോദിച്ചിരിക്കുന്നു(ദേശാഭിമാനി, 30.06.2012).
        വളരെ മുമ്പുതന്നെ തങ്ങള്‍ ഈ ആവശ്യത്തിനുവേണ്ടി പ്രമേയം അംഗീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തുവെന്നാണല്ലോ ഡിഫി പറഞ്ഞത്. കേരള രൂപീകരണത്തിനു ശേഷം 28 കൊല്ലം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതില്‍ 21 കൊല്ലം ഡിഫിയുടെ സ്വന്തം ആള്‍ക്കാരായ ഈ.എം.എസ്.നമ്പുതിരിപ്പാടും ഈ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ് കേരളം ഭരിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാതെ ഡിഫി പ്രമേയം പാസ്സാക്കിയങ്ങനെ ഇരുന്നു! ഡിഫിയുടെ ആത്മാര്‍ത്ഥതയില്ലായ്മയ്ക്ക് ഇതില്‍പ്പരം മറ്റെന്തു തെളിവു വേണം? ആത്മാര്‍ത്ഥതയില്ലായ്മയില്‍ യൂത്ത് ലീഗിനെക്കാളും ഒരു പവന്‍ത്തൂക്കം മുന്നിലാണ് ഡിഫിയെന്നു ചുരുക്കും. ഇത്തരമൊരാവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്താന്‍ ഉശിരുള്ള യുവജന പ്രസ്ഥാനം ഇനി കേരളത്തില്‍ ജനിച്ചിട്ടു വേണം!
       മറ്റൊരു എയ്ഡഡ് വാര്‍ത്തയുംകൂടി വന്നിരിക്കുന്നു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം ഈയിടെ തീരുമാനിക്കുകയുണ്ടായി. ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം തുടങ്ങിയ 32 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയാല്‍ സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുമെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇനിയും 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്!
      എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ മാനദണ്ഡം ജാതി, പണം, സ്വന്തം, ബന്ധം എന്നിവ മാത്രമാണ്. അവിടെ സാമൂഹിക നീതിയെന്നത് മരുന്നിനുപോലുമില്ല; സ്വജാതി നീതിയും ഉയര്‍ന്ന സാമ്പത്തിക നീതിയും മാത്രം. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കിവിടെ അവസരം ലഭിക്കുന്നേയില്ല. എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരില്‍ ഒരു ശതമാനം പോലുമുണ്ടാകില്ല പട്ടികജാതി/വര്‍ഗ്ഗക്കാര്‍. ജാതി/മതക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുളില്‍പ്പോലും ഇതുതന്നെയാണ് അവസ്ഥ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത സവര്‍ണാധിപത്യമാണ് കൊടുകുത്തി വാഴുന്നത്.
      കേരളത്തിന്റെ പൊതുമുതല്‍ ഏതാനും ജാതികള്‍ക്ക് വിഴുങ്ങാന്‍ നല്‍കുന്ന ഈ വൃത്തികെട്ട സംവിധാനം സര്‍ക്കാര്‍ ഉടനടി നിര്‍ത്തേണ്ടതാണ്. ഏറ്റവും ചുരുങ്ങിയത് സര്‍ക്കാര്‍ നിയമനങ്ങളിലെ സംവരണ മാനദണ്ഡമെങ്കിലും എയ്ഡഡ് നിയമനങ്ങള്‍ക്കും ബാധകമാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകേണ്ടതുണ്ട്.
                                                      ...........................